താളുകള്‍

Friday 5 April 2013

സോറി !!

എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ (സോറി ഓര്‍മ ശരിയാവണമെന്നില്ല.ATM കാര്‍ഡിന്‍റെ പാസ്‌ വേര്‍ഡ്‌ ഓര്‍മയില്‍ നില്‍ക്കാത്ത ആളാണ്‌ ഞാന്‍ ) എഴുതിയിട്ട് തെളിയാത്ത ഹീറോപെന്‍ ഒന്ന് ആഞ്ഞു കുടഞ്ഞപ്പോള്‍ അടുത്തിരിക്കുന്ന കൂട്ടുകാരന്‍റെ ഷര്‍ട്ടിലേക്ക് തെറിച്ച മഷി നോക്കിയാണ് അന്ന് ആദ്യമായി ടീച്ചര്‍ പഠിപ്പിച്ച സോറി എന്ന വാക്ക് പ്രയോഗിച്ചു തുടങ്ങുന്നത്.
കുട്ടിയും കോലും കളിക്കുമ്പോള്‍ ഞാന്‍ അടിച്ച കുട്ടി കൊണ്ട് മോന്ത കോടിയ ഹുസൈന്‍കാനോട് സോറി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല.തന്തക്കു വിളികേട്ടു.. പിന്നീട് പത്താം ക്ലാസിലെ ലൈല പി,കെ എനിക്ക് നിന്നെ ഇഷ്ട്ടമാണെന്ന് പറഞ്ഞപ്പോള്‍ അവളെ സ്വപ്നം കണ്ടു നടന്നിരുന്ന പ്രിയപ്പെട്ട ഒരു കൂട്ടുകാരനു വേണ്ടി അവളോട്‌ സോറി എനിക്ക് നിന്നെ ഇഷ്ട്ടമില്ല എന്ന് ഞാന്‍ പറഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പറയും സോറി ഞങ്ങള്‍ വിശ്വസിക്കില്ലാന്നു.:). 

കോളേജില്‍ ഹാജറ് കുറഞ്ഞതിനു പ്രിന്‍സിപ്പാള്‍ വിളിച്ചപ്പോള്‍ സോറി സാര്‍ ഇനി എന്നും ക്ലാസില്‍ വരാം എന്ന് വാക്ക് കൊടുത്തത് പാലിക്കാന്‍ പറ്റാത്തതില്‍ ഇടയ്ക്കിടയ്ക്ക് സോറി പറയേണ്ടി വന്നിട്ടുണ്ട്. 
ഗാനമേളക്കിടയില്‍ അടിപൊളി പാട്ടിനോപ്പിച്ചു കൂതറ ഡാന്‍സ് കളിച്ചുകൊണ്ടിരിക്കുംമ്പോള്‍ നന്നായി കളിക്കുന്ന ഒരുത്തനെ കണ്ടു അസൂയ മൂത്ത് അറിയാത്ത രീതിയില്‍ അവനൊരു ചവിട്ടു കൊടുത്തിട്ട് സോറി പറഞ്ഞു. പയ്യന്‍ സ്മാര്‍ട്ട് ആയിരുന്നു. തിരിച്ചൊരു ചവിട്ടു ഇങ്ങോട്ടും തന്നിട്ട് കൊടുത്ത സോറി അപ്പം തന്നെ തിരിച്ചു പറഞ്ഞു 
ഒരു മാസം കൊണ്ട് ഇംഗ്ലീഷ് പഠിക്കാനുള്ള ബുക്ക് വായിച്ചപ്പോള്‍ ആദ്യത്തെ പാഠം തന്നെ ഫോണ്‍ ചെയ്യുമ്പോള്‍ അപ്പുറത്തുള്ള ആള്‍ പറഞ്ഞത് മനസ്സിലായില്ലെങ്കില്‍ സോറി എന്നല്ല പാര്‍ഡെന്‍ എന്നാണു പറയേണ്ടത് എന്നതായിരുന്നു. അത് പ്രകാരം ഞാന്‍ പാര്‍ഡെന്‍ പറഞ്ഞവരെല്ലാം അതെന്താണെന്ന് മനസ്സിലാവാതെ തിരിച്ചു ഇങ്ങോട്ട് സോറി പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും സോറി തന്നെ പറയാന്‍ തുടങ്ങി.. 

വിവിധ രാജ്യക്കാരായ ഇരുപതില്‍ കുറയാത്ത ആള്‍ക്കാരെകൊണ്ട് പണിയെടുപ്പിച്ച് കഴിഞ്ഞു പോകുമ്പോള്‍ ഏതേലും ഒരുത്തന്‍ ചെയ്യുന്ന തെറ്റിന് ഇടയ്ക്കിടയ്ക്ക് മാനേജ്മെന്റിനോട് സോറി പറയല്‍ ഒരു ശീലമായി പോയി.. പക്ഷെ വിലക്കുറവ് കിട്ടാന്‍ തര്‍ക്കിച്ച കസ്റ്റമറോട് ഉടക്കിയപ്പോള്‍ കസ്റ്റമര്‍ ഈസ്‌ കിംഗ്‌ ..അദ്ദേഹത്തോട് നിരുപാധികം സോറി പറയു അബ്ബാസ് എന്ന് പറഞ്ഞ മാനേജരോട് സോറി സാര്‍ രാജാക്കന്മാര്‍ ഒരിക്കലും discount ചോദിക്കാറില്ല എന്ന sms കീച്ചിയപ്പോള്‍ സോറി അബ്ബാസ് നിന്നോട് തര്‍ക്കിക്കാന്‍ ഞാന്‍ ഇല്ല എന്നും പറഞ്ഞു മാനേജര്‍ പോയത് ഓര്‍ക്കാന്‍ രസമുണ്ട് . 

പന്തുകളി കഴിഞ്ഞു വിശന്നു കൊടല് കരിഞ്ഞു അടുത്ത് കണ്ട ചെറിയൊരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ആകപ്പാടെ ഉള്ള ഒരു വാഷ് ബേസില്‍ കഴുകിയിട്ടും കഴുകിയിട്ടും തൃപ്തി വരാതെ തന്‍റെ വായ വീണ്ടും വീണ്ടും കഴുകികൊണ്ടിരിക്കുന്ന ഒരു ചേട്ടനോട് ചേട്ടന്‍ വായിലൂടെ അപ്പിയിട്ടതാണോ എന്ന് ചോദിച്ചത് കേട്ട് അദ്ദേഹം തിരിഞ്ഞു നോക്കിയപ്പോ കണ്ട പുള്ളിക്കാരന്റെ മീശ എന്നെകൊണ്ട്‌ നാലഞ്ചു സോറി ഒരുമിച്ചു പറയിപ്പിച്ചു. 

സോറി ....എഴുത്തിനു നീളം കൂടുന്നു.അവസാന പാരഗ്രാഫ് ആളാവാന്‍ വേണ്ടി എഴുതുന്നതല്ല.എന്നെ പോലെ തന്നെ നിങ്ങളില്‍ പലരും പലപ്പോഴായി പറഞ്ഞ ഒരു "സോറി" ആയതുകൊണ്ട് മാത്രം എഴുതുകയാണ്. 
ലീവ് കഴിഞ്ഞു മടങ്ങി പോരുമ്പോള്‍ എല്ലാപ്രാവശ്യവും അവള്‍ക്കൊരു ചോദ്യമുണ്ട് .ഇനിയും എത്ര നാള്‍ നമ്മള്‍ ഇങ്ങനെ.. അപ്പോള്‍ നമ്മള്‍ പറയും ഒരു നാല് കൊല്ലം കൊണ്ട് നമ്മുടെ പ്രശ്ങ്ങള്‍ എല്ലാം തീരുമെഡാ .അതുവരെ നീ ക്ഷമിക്ക് ........ .അതിനു ശേഷമാണ് നമ്മള്‍ നമ്മുടെ മനസ്സില്‍ അവളോട്‌ ഒരു സോറി പറയുക. സോറി പെണ്ണേ.. നിന്നെ പറഞ്ഞു പറ്റിക്കുന്നതിന് .....നാലല്ല ..പതിനാലു കൊല്ലം കഴിഞ്ഞാലും നമ്മുടെ ജീവിതം ഇങ്ങനോക്കെ തന്നെയാവും.. ... The End ... (ഇത് സിനിമ കഴിയുമ്പോള്‍ സ്ക്രീനില്‍ നോക്കി പഠിച്ചതാ )

2 comments:

  1. "സോറി പെണ്ണേ.. നിന്നെ പറഞ്ഞു പറ്റിക്കുന്നതിന് ...."

    ചിരിക്കാന്‍ കുറെ എഴുതിയിട്ട് അടിയില്‍ ഒരിറ്റ് കണ്ണീര്‍ പൊടിയാന്‍ മാത്രം അല്ലങ്കില്‍ പറയാന്‍ ആവാതെ തൊണ്ടയില്‍ കുരുങ്ങുന്ന ഗദ്ഗതം ബാക്കിയാക്കി ....... The End ...

    ReplyDelete
  2. soryi idil avasanathe soryiye pati orarivumilla karanam njan oru avivahidana
    pakshe avasanate soryi vayichappol aenikkum kitti kurachu kannunheer

    ReplyDelete